പഴയ മദിരാശി സംസ്ഥാനത്തിലെ ചിറക്കല്‍ താലൂക്കില്‍പ്പെട്ട രണ്ടു കുഗ്രാമങ്ങള്‍. കനകം വിളഞ്ഞിരുന്ന കടന്നപ്പള്ളിയും പാണ്ഡവസ്പര്‍ശത്താല്‍ പുളകിതയായ പാണപ്പുഴയും സവര്‍ണന്റേയും ജന്മിമാരുടേയും കാല്‍ക്കീഴില്‍ കിടന്ന് തേങ്ങിയ ഒരു പഴയകാല ചരിത്രമുണ്ട് ഈ ഗ്രാമങ്ങളിലെ ജനതയ്ക്ക് സവര്‍ണന്‍ വെള്ളക്കാരന്റെ സില്‍ബന്ധികളായി പ്രവര്‍ത്തിച്ച് നാടിന്റെ അധികാരികളായി മാറിയപ്പോള്‍ കീഴാളന്‍ അസ്വാതന്ത്ര്യത്തിന്റെ നീറ്റലുകള്‍ കൊണ്ട് പിടയുകയായിരുന്നു. ദേവസ്വത്തിന്റെ കീഴിലായിരുന്ന ഭൂമിയിലേറെയും പ്രമാണിമാര്‍ കൈയിലാക്കി. അയിത്തം മൂലം ദൂരെ മാറി നില്‍ക്കേണ്ടി വന്ന കീഴാള ജനത ഇതിനൊക്കെ മൂക സാക്ഷികളായി ‘റാന്‍’ മൂളി.